2012, ജൂലൈ 4, ബുധനാഴ്‌ച

ഒരുപാട് എഴുതണമെന്തുണ്ട്, പക്ഷെ സാധിക്കുന്നില്ല. 

2010, ഓഗസ്റ്റ് 8, ഞായറാഴ്‌ച

ഒരു നീണ്ട ഇടവേള

സമയം കിട്ടിയില്ല എന്ന് പറഞ്ഞാല്‍ അത് കള്ളമാകും. അത് കൊണ്ട് അങ്ങിനെ പറയുന്നില്ല. ഒരു മൂഡ്‌ ഇല്ലായിരുന്നു എന്ന് പറഞ്ഞാല്‍ വലിയ തെറ്റില്ല. പക്ഷെ വേറെ എന്തിലോക്കെയോ പെട്ടുപോയി എന്ന് പറയുന്നതാകും കൂടുതല്‍ ശരി.

2007, മാർച്ച് 25, ഞായറാഴ്‌ച

ഒരു പഠന യാത്രയുടെ ഓര്‍മക്കുറുപ്പ്

പാച്ചു പഠിച്ചതു ചങ്ങനാശേരി 'എസ്‌ ബി' കോളേജിലായിരുന്നു. അച്ചന്മാരുടെ ഭരണവും, സ്ത്രീജനങ്ങളുടെ അഭാവവും കൊണ്ടു വളരെ 'ഡ്രൈ' ആയ ഒരു കോളേജു ജീവിതമായിരുന്നു പാചുവിന്റേത്‌. ആകെ ഒരു ആശ്വാസമുണ്ടായിരുന്നതു അടുത്തു തന്നെയുള്ള അസംപ്ഷന്‍ കോളേജിലെ തരുണീമണികളായിരുന്നു. 'എസ്‌ ബി' കോളേജില്‍ പി.ജി. ക്കു പഠിക്കുന്ന ചേച്ചിമാരെ മറന്നിട്ടല്ല പാച്ചു ഈ പറയുന്നത്‌. ചേച്ചിമാരെപ്പോളും ചേച്ചിമാരല്ലെ! അവരെപ്പറ്റി മറിച്ചൊന്നും ചിന്തിച്ചുകൂടാ.

പാച്ചുവും കൂട്ടരും ഒരിക്കല്‍ ബിരുദ പഠനത്തിന്റെ ഭാഗമായി ബാംഗളൂരിലേക്കു ഒരു പഠന യാത്രക്കു പോയി. രണ്ടു ബസ്സ്‌. അതില്‍ ഓരോന്നിലും ഓരോ അച്ചന്മാരും. ഞാന്‍ പറയാതെ തന്നെ യാത്രയില്‍ കിട്ടിയേക്കവുന്ന സ്വാതന്ത്ര്യം എത്രയെന്നു നിങ്ങള്‍ക്കു മനസിലായിക്കാണുമല്ലോ. എങ്കിലും, ചില വിരുതന്മാര്‍ കരുതിയിരുന്ന കുപ്പികള്‍ എത്ര ഉപയോഗപ്രദമായി എന്നു പറയെണ്ടതില്ലല്ലൊ? ഒളിച്ചിരുന്നു അടുത്ത ചങ്ങാതിമാരോടു പോലും പറയതെ, രഹസ്യമായി അകത്താക്കിയിട്ട്‌ കുറച്ചു ഐസ്‌ കൂടിയുണ്ടായിരുന്നെങ്കില്‍ എന്നു പറഞ്ഞ മഹാന്മരുടെ മുഖം ഇപ്പോഴും എന്റെ മുന്‍പിലുണ്ട്‌. അന്ന് ഈവക 'എക്സ്ട്രാ കരിക്കുലര്‍ അക്റ്റിവിറ്റീസ്‌' നുള്ള സാമ്പത്തികം ഇല്ലാത്തതുകൊണ്ടും, കുറച്ചു നല്ലപിള്ള ആയിരുന്നതുകൊണ്ടും, പാച്ചുവും കുറെ അടുത്ത ചങ്ങാതിമാരും ബാംഗളൂരില്‍ എത്തിയാല്‍ പോകേണ്ട സ്ഥലങ്ങളെ പറ്റിയുള്ള ചര്‍ച്ചയിലായിരുന്നു.

പാട്ടും കൂത്തും ഒക്കെയായി പാച്ചുവും കൂട്ടരും യാത്ര തുടര്‍ന്നു കൊണ്ടേയിരുന്നു. കുപ്പിയിലുണ്ടായിരുന്ന ദ്രാവകം അകത്തു ചെന്നു പ്രവര്‍ത്തനം തുടങ്ങിയതിനാലുള്ള ചില ചങ്ങതിമാരുടെ പ്രകടനം, വളിച്ച തമാശകളില്‍ നിന്നും പൂരപ്പാട്ടുകളിലേക്കു 'അപ്ഗ്രേഡ്‌' ചെയ്യപ്പെട്ടു. ആദ്യമൊക്കെ ഇവരുടെ പ്രകടനം ആസ്വദിച്ചിരുന്ന പാച്ചുവിനെ പോലെയുള്ളവര്‍ക്കും ഇതു കുറയൊക്കെ അരോചകം ആയിത്തുടങ്ങി. അതു മനസ്സിലാക്കാനുള്ള മാനസികാവസ്ഥയില്‍ (അതോ ശാരീരികാവസ്ഥയോ?) അല്ലാത്തതിനാല്‍ അവര്‍ തങ്ങളുടെ പ്രകടനം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതൊന്നുമറിയാതെ അച്ചന്‍ ബസ്സിന്റെ മുന്‍ സീറ്റില്‍ ഉറങ്ങി(അതോ ഉറക്കം നടിക്കുന്നതോ)ക്കൊണ്ടുമിരുന്നു.

ബാംഗളൂരിലെത്തി പ്ലാന്‍ അനുസരിച്ചുള്ള സ്ഥലങ്ങള്‍ ഒക്കെ വിസിറ്റിയിട്ടു 6 മണി കഴിഞ്ഞു ഒന്നു ഫ്രീ ആകാന്‍. അച്ചന്റെ വക ഔദാര്യമായിക്കിട്ടിയ രണ്ടു മണിക്കൂര്‍ സമയം എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാമെന്നു ചിന്തിച്ചുകൊണ്ട്‌ എല്ലാവരും പുറത്തേക്കിറങ്ങി. പാച്ചു അടുത്ത ചങ്ങാതിമാരായ വര്‍ഗീസ്‌, സെബാസ്റ്റിയന്‍ എന്നിവരോടൊപ്പം 'പബ്‌' വിസിറ്റ്‌ ചെയ്യാനായി പരിപാടി ഇട്ടു. 'പബ്‌' എന്നു കേട്ടിട്ടുള്ളതല്ലാതെ, അതെങ്ങിനെയിരിക്കും എന്നു ഒരു രൂപവും, മൂന്നു പേര്‍ക്കും ഇല്ലായിരുന്നു. അവിടെ പോയി ഒരു ബീര്‍ അടിക്കണം, എന്നിട്ടു തിരിച്ചു വന്ന് വീരവാദം പറയണം എന്നതൊക്കെയല്ലാതെ ഒരു ഉദ്ദേശവും ഞങ്ങള്‍ക്കില്ലായിരുന്നു.

ഒരു പരിചയവുമില്ലാത്ത ബാംഗളൂര്‍ സിറ്റിയിലൂടെ പാച്ചുവും ചങ്ങാതിമാരും 'പബ്‌' എന്ന സ്വപ്നവുമായി നടന്നു. ആദ്യമുണ്ടായിരുന്ന ആവേശവും, ധൈര്യവും സമയം പോകുന്തോറും കുറഞ്ഞുകൊണ്ടേയിരുന്നു. എങ്ങിനെ നമ്മള്‍ തിരിച്ചു പോകുമെന്ന വര്‍ഗീസ്സിന്റെ ചോദ്യം, ആദ്യം നിസ്സാരമായി എടുത്തെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ഒരു കനലായി നീറിക്കൊണ്ടിരുന്നു. അതു പുറത്തു കാണിക്കാതെ മുന്നോട്ട്‌ അധിക ദൂരം പോകാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അച്ചന്‍ കനിഞ്ഞു നല്‍കിയ 2 മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. ബസ്സ്‌ നിര്‍ത്തിയ സ്ഥലത്തു നിന്നും എങ്ങോട്ടെങ്കിലും മാറ്റിയിട്ടാലുള്ള ഭവിഷ്യത്തിനെ പറ്റി ഓര്‍ത്തപ്പോള്‍ ഉണ്ടായിരുന്ന ധൈര്യവും പോയി.

തിരികെ നടക്കാന്‍ തുടങ്ങിയിട്ടു കുറെ നേരമായിരിക്കുന്നു. വഴി തെറ്റിയിട്ടില്ല എന്നു അന്യോന്യം സമാധാനിപ്പിച്ചുകൊണ്ട്‌ മൂവരും നടപ്പു തുടര്‍ന്നു. വഴിയിലുള്ള ജനങ്ങളുടെ എണ്ണം കുറയുന്നു എന്ന പേടിപ്പെടുത്തുന്ന യാദാര്‍ത്ഥ്യം മനസ്സിലാക്കാതിരിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ചര്‍ച്ചകള്‍ സാവധാനം നാട്ടിലെങ്ങിനെ തിരിച്ചെത്തും എന്നതിലേക്കെത്തി.

ആരോടെങ്കിലും ചോദിക്കാമെന്നു വച്ചാല്‍ എന്തു ചോദിക്കും? ഒടുവില്‍ വിശ്വേശരയ്യ മ്യൂസിയത്തിലെത്തിയാല്‍ ബസ്സിന്റെ അടുത്തെത്തിക്കാമെന്ന സെബാസ്റ്റിയന്റെ ഉറപ്പില്‍ മുറുകെ പിടിച്ചു കൊണ്ട്‌ ആരോടെങ്കിലും ചോദിക്കാമെന്നുറച്ചു. ആരോടു ചോദിക്കും? മാന്യമായി ഡ്രസ്സ്‌ ചെയ്ത ആരേയെങ്കിലും കണ്ടാല്‍ ചോദിക്കാം. ചോദ്യവും ഉത്തരവും ഒരാളുടേതു തന്നെ ആയിരുന്നു. അധികം താമസിക്കാതെ ഞങ്ങള്‍ അങ്ങിനെ ഒരാളെ കണ്ടെത്തി.

അറിയാവുന്ന ആങ്ഗലേയം ഒക്കെ ഒന്നിച്ചു ചേര്‍ത്തു, ചോദിക്കെണ്ടതെന്തെന്നു ഉറക്കെ ഒന്നു ഉരിവിട്ടു. മറ്റു രണ്ടു പേരുടെ സഹായം കൂടിയായപ്പോള്‍, ചോദിക്കേണ്ട ചോദ്യം തയ്യറായി. ആ മാന്യ ദേഹത്തിന്റെ അടുത്തെത്തിയപ്പോള്‍ ഉരിവിട്ടു പഠിച്ചതൊന്നുമല്ല പുറത്തുവന്നത്‌. ബുദ്ധിമുട്ടു മനസ്സിലാക്കിയ അദ്ദേഹം പറഞ്ഞു, 'ബുദ്ധിമുട്ടേണ്ടാ, മലയാളത്തില്‍ പറഞ്ഞോളൂ'. എന്താ പറയുക, പാചുവിന്റേയും കൂട്ടരുടേയും സന്തോഷം എങ്ങിനെയാണു പറഞ്ഞറിയിക്കുക? അദ്ദേഹവും അതേ വഴിക്കായിരുന്നതുകൊണ്ടു കാര്യങ്ങള്‍ എളുപ്പമായി.

ബസ്സിന്റെ അടുത്തെത്താറായപ്പോള്‍ അദ്ദേഹത്തിനെ പറ്റി ഒന്നും ചോദിക്കാതിരിക്കുന്നതു ശരിയല്ലല്ലോ എന്ന ബോധം മനസ്സിലുണ്ടായി. പാച്ചുവിന്റെ ചോദ്യത്തിനുത്തരം ഒരു മറുചോദ്യമായിരുന്നു. 'സരോജ ദേവി എന്ന ഒരു നടിയെ നിങ്ങള്‍ അറിയുമൊ?' എത്രയാലോചിച്ചിട്ടും അങ്ങിനെ ഒരു നടിയെ ഓര്‍മ്മ വന്നില്ല. എന്തെങ്കിലും പറയുന്നതിനു മുന്‍പെ അദ്ദേഹം പറഞ്ഞു. 'ഞാന്‍ സരോജാ ദേവിയുടെ മകനാണ്‌'.

ബസ്സിലെത്തിയപ്പോഴത്തെ കാര്യങ്ങളൊന്നും പറഞ്ഞറിയിക്കേണ്ടല്ലോ. ഞങ്ങള്‍ മിസ്സിംഗ്‌ ആണെന്ന വിവരം പ്രിന്‍സിപ്പലച്ചന്റെ അടുത്തുവരെ എത്തിയിരിക്കുന്നു. കുറച്ചുകൂടെ താമസിച്ചിരുന്നെങ്കില്‍ കാര്യങ്ങളൊക്കെ കൈവിട്ടു പോയേനെ. പോലീസില്‍ വിവരം അറിയിക്കാനുള്ള ഒരുക്കങ്ങളായിരുന്നു നടന്നുകൊണ്ടിരുന്നതു.

എങ്ങിനെ ചങ്ങാതിമാരുടെ മുഖത്തുനോക്കും എന്നോര്‍ത്തുകൊണ്ട്‌, അപമാന ഭാരം കൊണ്ടു തലയുയര്‍ത്താനകാതെ സീറ്റിലേക്കു നടന്നപ്പോള്‍ പരിചയമുള്ള ഒരു കഥയുടെ അംശം ഞാന്‍ കേട്ടു.... സരോജാ ദേവിയുടെ മകനാണു സംവിധാനം. അദ്ദേഹം ഞങ്ങളെ ഷൂട്ടിംഗ്‌ നടക്കുന്ന സ്ഥലത്തേക്കു കൊണ്ടു പോയി. കന്നട ഫിലിമിന്റെ ഷൂട്ടിങ്ങായിരുന്നു...... സെബാസ്റ്റിയന്‍ കത്തിക്കയറുകയാണു...ദൈവം സരോജാ ദേവിയുടെ മകന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലായിരുന്നെങ്കിലത്തെ സ്ഥിതിയെ പറ്റി ഓര്‍ത്തു കൊണ്ടു പാച്ചു തന്റെ സീറ്റിലേക്കു മറിഞ്ഞു.

2007, മാർച്ച് 17, ശനിയാഴ്‌ച

അനീതി

പാച്ചുവിനെപ്പോളും അനീതി കണ്ടാല്‍ ചോര തിളക്കും. ധാര്‍മികരോക്ഷം കൊണ്ടതുകൊണ്ടു മാത്രം കാര്യമില്ലല്ലോ. പലപ്പൊഴും ഒന്നും ചെയ്യാന്‍ സാധിക്കാറില്ല. നിസഹായനായി നോക്കി നില്‍ക്കാനെ പാച്ചുവിനു കഴിയൂ. കഴിയുന്നിടത്തൊക്കെ പ്രതികരിക്കാറുണ്ട്‌. പലപ്പോഴും ഇതൊക്കെ പാച്ചുവിനെ കുഴപ്പത്തിലെത്തിച്ചിട്ടെയുള്ളൂ. ഒരു സഹപ്രവര്‍ത്തകന്റെ പുറത്തുകയറി മേലധികാരികള്‍ സവാരി ചെയ്യുകയാണെന്നു കണ്ടപ്പോള്‍ ഞാനിന്നു പ്രതികരിച്ചു. അതിന്റെ ഫലം (സായിപ്പിന്റെ ഭാഷയില്‍ 'റിസള്‍ട്ട്‌') അധികം താമസിക്കാതെ അറിയും. നല്ലതായാലും ചീത്തയായാലും പാച്ചുവിനു പ്രശ്നമില്ല. ശരി എന്നു തോന്നിയതു പാച്ചു ചെയ്തു. അത്രെയുള്ളൂ.

കോവാലനെവിടെ?

എനിക്കറിയാം പലരും കോവാലനെ അന്വേഷിക്കുമെന്ന്. പക്ഷെ അങ്ങിനെ ഒരാളില്ല. ഈ പാച്ചുവിനു അങ്ങിനെ ഒരു കോവാലനെ അറിയില്ല.

2007, മാർച്ച് 13, ചൊവ്വാഴ്ച

പാച്ചു എങ്ങിനെ ഇന്റര്‍നെറ്റിലെത്തി?

ഈയിടെ മാത്രുഭൂമി ദിനപ്പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു. മലയാളം ബ്ലോഗിനെ പറ്റി. അതു വായിച്ചപ്പോള്‍ പാച്ചുവിനും ഒരു പൂതി. ഒരു ബ്ലോഗ്‌ തുടങ്ങിയാലോ എന്നു. കൂടുതലൊന്നും ആലോചിച്ചില്ല രണ്ടും കല്‍പിച്ചൊരു ബ്ലോഗ്‌ തുടങ്ങി.